Tuesday, March 9, 2010

...: കമലയ്ക്കായ് :...


"നിനക്ക് കഴിക്കാനെന്താ വേണ്ടത്..? അവള്‍, അവളുടെ വീട്ടിലാ.. പ്രസവത്തിനു പോയതാ... അമ്മയും അച്ഛനും മൂകാംബിക്ക് പോയിരിക്കുന്നു. രണ്ട് ദിവസം എന്റെ കാര്യം കഷ്ടം...ഓ... നീ കണ്ടിട്ടില്ലല്ലോ എന്റെ ശ്രീമതിയെ അല്ലെ..?"
"ചൂടായിട്ടെന്ത നിന്റെ കയ്യിലുള്ളത്..? " ശ്യാമിന്റെ ചോദ്യത്തിന് മറുചോദ്യമായിരുന്നു എന്റെ ഉത്തരം.
"ഹും.. ഞാനെടുക്കാം "
അവന്‍ മുറി തുറന്നുള്ളിലേക്ക് പോയി
ചെറുതാണെങ്കിലും സൌകര്യവും ഭംഗിയുള്ളതുമായ വീട്. മൂലയില്‍ ടി.വി.യോട് അല്പം വിട്ടു രണ്ട് സോഫാ സെറ്റുകള്‍. നടുവിലായി കടഞ്ഞെടുത്ത കാലുകളോടു കൂടിയ ടീപോയ്. മരത്തിന്റെ വേര്കൊണ്ട് ഉണ്ടാക്കിയ ടെലഫോണ്‍ സ്റ്റാന്റ്. ചുമരുകളില്‍ ഇടതു വശത്തായി ചെയുടെ ഗൌരവത്തെ നായനാരിന്റെ പുഞ്ചിരിയില്‍ അലിയിച്ചു തീര്‍ക്കുന്ന വിപ്ലവം. പിക്കാസോയും വാന്‍ഗോഗും കാന്വാസ് ഫ്രെയിമുകളില്‍ കുരുങ്ങി ശ്വാസം കിട്ടാതെ തൂങ്ങിക്കിടക്കുന്നു. വലതുവശത്തായി മരത്തില്‍ തീര്‍ത്ത ചെറിയ ചെറിയ അറകളോടു കൂടിയ അലമാരയില്‍ ഭംഗിയായി അലങ്കരിച്ചു വച്ച പുസ്തകങ്ങള്‍. അലമാരയുടെ ചില്ല് നീക്കി പുസ്തകങ്ങളിലൂടെ വിരലോടിക്കുംപോ
" അല്പമൊക്കെ ഞാനും വായിച്ചു തുടങ്ങി. ഒരു പത്രപ്രവര്‍ത്തകയെ കെട്ടിയതിന്റെ ഗതികേട് "
രണ്ട് ഗ്ളാസ്സും സോഡയും കുപ്പിയും കടലയുമടങ്ങിയ ട്രേ താഴെ വെച്ചുകൊണ്ട് അടുത്തു വന്നു. പുസ്തകങ്ങളില്‍ നിന്നും പിന്വലിയാത്ത എന്റെ അരികില്‍ നിന്ന് കൊണ്ട്‌ ചിലതിന്റെ സ്ഥാന ക്രമീകരണത്തിലാണവന്‍. പുസ്തകങ്ങളില്‍ നിന്നും സോഫയിലേക്ക് പോകുന്നതിനിടയില്‍
" ഡാ.. നീയിതോര്‍ക്കുന്നോ..? നീയെനിക്ക് കല്യാണസമ്മാനമായി അയച്ചുതന്നതാ. അന്ന് കിട്ടിയ സമ്മാനങ്ങളില്‍ വ്യത്യസ്തത തോന്നിയതും ഇതുതന്നെ "
ആദ്യ പെഗ് അകത്താക്കി കവര്‍ പേജിലെ രുദ്രാക്ഷം ധരിച്ച കൈയ്യുടെ ചിത്രം തഴുകി കൊണ്ട് ഞാന്‍ പറഞ്ഞു... " സിദ്ധാര്‍ഥ, ഒരിക്കലെങ്കിലും വായിച്ചവര്‍ക്ക് മറക്കാനാകാത്ത പുസ്തകം. നിനക്കറിയാലോ അതിനോടെനിക്കുള്ള ബന്ധം.."
എന്തോ വീണുകിട്ടിയ പോലെ " നീയിപ്പോഴും അവളെ വിളിക്കാറുണ്ടോ..? അന്നവളെ അവാസനമായി കണ്ടതിനു ശേഷം എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടോ..? "
" ഇല്ല.. പക്ഷെ അതൊരിക്കലും അവസാനിക്കുന്നില്ല.." രണ്ടാമത്തെ പെഗില്‍ വെള്ളമോഴിക്കുന്നതിനു മുന്‍പേ വലിച്ചു കയറ്റി കൊണ്ട്‌ പറഞ്ഞു..
" അവള് ചിലപ്പോ അന്ന് ഞാന്‍ നല്‍കിയ ഇതേ സമ്മാനം കീറി കളഞ്ഞിട്ടുണ്ടാകാം. ഇല്ലെങ്കില്‍ ഞാന്‍ സ്നേഹിച്ചതിലേറെ അവളെ കാമിച്ചവന്‍ അത് കത്തിച്ചു കളഞ്ഞിരിക്കാം. "
നമുക്കിടയില്‍ പെട്ടെന്ന് വളര്‍ന്നു വന്ന വലിയ മൌനത്തിന്റെ മതില്‍ തകര്‍ക്കാനായി അവന്‍ കടല എനിക്ക് നേരെ നീട്ടി...
ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ദിവസം പുസ്തകോത്സവത്തില്‍ സിദ്ധാര്‍ത്ഥ വാങ്ങിയത് ശ്യാമിന്റെ സാന്നിധ്യത്തിലായിരുന്നു.
ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്നതിന് തലേദിവസം യാത്ര പറയുന്നതിനിടയില്‍ അവള് ചോദിച്ചു..
" കാത്തിരിക്കാന്‍ എന്തെങ്കിലുമുണ്ടാകുന്നത് ഒരു ബാധ്യതാണെന്നു തോന്നുന്നു. നിമിഷങ്ങള്‍ക്ക് വര്‍ഷങ്ങള്ടെ ദൈര്‍ഘ്യം വെച്ചുപോകും. "
തുറന്നു പിടിച്ച അവളുടെ വലതു കൈവിരലുകളില്‍ നുള്ളി വേദനിപ്പിച്ചുകൊണ്ട് കേട്ടിരിക്കുക മാത്രമായിരുന്നു. അവളുടെ മടിയില്‍ തലവെച്ച് നീലാകാശത്തില്‍ ഒന്നിന് പിറകെ ഒന്നായി ഓടിക്കോണ്ടെയിരിക്കുന്ന മേഘങ്ങളേ നോക്കി കിടക്കുന്നതിനിടയില്‍ ആ കാഴ്ചയുടെ അറുതിയെന്നോണം മുഖം കുനിച്ചവളെന്റെ കവിളില്‍ ചുണ്ട് ചേര്‍ത്തിരുന്നു. അവ്യക്തമാകാത്ത എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട്‌ വിറളിപിടിച്ചൊരു മൃഗത്തെ പോലെ എന്നെ ശ്വാസം മുട്ടിച്ചു. പെട്ടെന്ന് മുഖമുയര്‍ത്തി
"എനിക്കിന്നൊന്നും കൊണ്ടു വന്നില്ലേ...? " എന്തോ എന്നില്‍ നിന്നും പ്രതീക്ഷിച്ച പോലെ ആയിരുന്നു ആ ചോദ്യം.
സമ്മാനപ്പൊതി കാത്തു നിന്ന് കിട്ടാത്തൊരു കുഞ്ഞിനെ പോലെ അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. ബാഗ് തുറന്നു തവിട്ടു നിറത്തിലുള്ള മങ്ങിയ പേപ്പറില്‍ പൊതിഞ്ഞൊരു പുസ്തകം അവള്‍ക്കായി നീട്ടി...
" ഇതിലോരുപക്ഷേ നിനക്കെന്നെ കണ്ടെത്താന്‍ കഴിഞ്ഞേക്കും "
ആകാംക്ഷയോടെ തുറന്നു നോക്കിക്കൊണ്ടു തെല്ലൊരതിശയത്തോടെ വായിച്ചു... "സിദ്ധാര്‍ത്ഥ , ഹെര്‍മന്‍ ഹെസ്സെ...
ഇതിലെനിക്കായി രണ്ട് വരി എഴുതിവെച്ചൂടായിരുന്നോ...? "
തുറന്നു തന്ന പേന കൊണ്ട് ആദ്യ പേജില്‍ ഒരിക്കലും മായരുതെയെന്ന പ്രാര്ത്ഥനയോടെ എഴുതി...
" എന്റെ സ്വന്തം കമലയ്ക്ക്... സിദ്ധാര്‍ത്ഥന് "
ഓര്‍മകളിലെ കമലയെ പറിച്ചെറിഞ്ഞുകൊണ്ട്‌ ശ്യാം ചോദിച്ചു "കല്യാണത്തിനു ശേഷം അവളുടെ വിവരങ്ങള്‍ വല്ലതും...?"
"ഇല്ല..ഞാനതിനു ശ്രമിച്ചിട്ടില്ല. എവിടെ യാണെന്നോ, ആരുടെ കൂടെയാണെന്നോ ഒന്നും ഞാന്‍ അന്വേഷിച്ചില്ല " തീരെ താല്പര്യമില്ലാത്ത ഒരു വിഷയം പോലെ അല്പം ദേഷ്യത്തോടെയായിരുന്നു എന്റെ മറുപടി. അത് മനസിലാക്കിയത് കൊണ്ടായിരിക്കണം എന്റെ മുഖത്തു നോക്കാതെയായിരുന്നു അവനത്‌ പറഞ്ഞത്.
" ഒരുപക്ഷെ അവളതു സൂക്ഷിക്കുന്നുണ്ടാകം. വെളിച്ചം കാണാതെ വെച്ചിരിക്കുന്ന മയില്‍‌പീലി പോലെ, മനസിന്റെ ഏതെങ്കിലും കോണില്‍..."
കള്ള് സത്കാരത്തിന്റെ ഒടുവില്‍ വീട് വിട്ടിറങ്ങുമ്പോ ശ്യാം ചോദിച്ചു..
"എപ്പോഴാ തിരിച്ചു...? "
" ഉടനെ.. കൂടിയാല്‍ ഒരു പത്ത് ദിവസം "
" സജീ... ആഗ്രഹിക്കുന്നതെല്ലാം നേടണമെന്നത് ഒരു വാശിയായിരുന്നു എനിക്ക്. ആഗ്രഹിച്ചത്‌ കയ്യില്‍ കിട്ടിയാല്‍ പിന്നീട് അതിനോടുള്ള ആസക്തിയും അവസാനിക്കും. ഒരിക്കലും കിട്ടാതിരുന്നാല്‍ അതിനോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ.. പിന്നെ മാര്‍കേസിനെ വായിച്ചിട്ടില്ലേ നീ... 'ഒരുരാത്രി കിടക്കയില്‍ അവസാനിക്കുന്നതും അടുത്ത പകല്‍ ഒരു കപ്പ്‌ ചായയില്‍ പുനരാരംഭിക്കുന്നതും ' എനിക്കും ഇപ്പൊ ഇതിനോടിത്രയോക്കെ തോന്നുന്നുള്ളൂ..."
ഒരു പൊട്ടിച്ചിരിയോടെ വിടപറഞ്ഞ്‌ ഞാന്‍ വീട്ടിലേക്ക്‌ നടന്നു കയറുമ്പോഴാണ് ശ്രദ്ധിച്ചത്. ശ്യാമിന്റെ സിദ്ധാര്‍ത്ഥ എന്റെ കയ്യിലാണ്. ഇനിയൊരിക്കല്‍ കാണ്ടാല്‍ തിരിച്ചു കൊടുക്കാമെന്നു കരുതി വീണ്ടുമൊരു വായനയ്ക്കായി തുറന്നു നോക്കി..
അതിന്റെ ആദ്യ പേജില്‍ ഇങ്ങിനെ കുറിച്ചിരിക്കുന്നു.
" എന്റെ സ്വന്തം കമലയ്ക്ക്... സിദ്ധാര്‍ത്ഥന് "
എവിടുന്നെന്നറിയാത്തൊരു ഒരു മിന്നല്‍പിണര്‍ എന്റെയുള്ളിലൂടെ കടന്നു പോയി.

6 comments:

വെഞ്ഞാറന്‍ said...

എനിക്കിത് അപ്പുക്കിളിയുടെ ആദ്യാക്ഷരം!

Unknown said...

" ഇല്ല.. പക്ഷെ അതൊരിക്കലും അവസാനിക്കുന്നില്ല...''

വേണ്ട, ചിലതൊക്കെ അവസാനിക്കുന്നതാണ് നല്ലത്... പുതിയ തുടക്കങ്ങള്‍ക്ക് ചില ഒടുക്കങ്ങള്‍ കൂടിയേ തീരൂ...

നല്ല എഴുത്ത്, ഏച്ചുകെട്ടലുകള്‍ ഇല്ലാത്തതു കൊണ്ട് വളയാതെ വായിക്കാം...

Anil cheleri kumaran said...

വളരെ നല്ല കഥ. ഒരു പക്ഷേ സംഭവമായിരിക്കും.

sajeesh said...

"കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക്‌ തെറ്റുപറ്റി."

sajeesh said...

"കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക്‌ തെറ്റുപറ്റി."

Jishad Cronic said...

നല്ല എഴുത്ത്...