Tuesday, March 9, 2010

...: കമലയ്ക്കായ് :...


"നിനക്ക് കഴിക്കാനെന്താ വേണ്ടത്..? അവള്‍, അവളുടെ വീട്ടിലാ.. പ്രസവത്തിനു പോയതാ... അമ്മയും അച്ഛനും മൂകാംബിക്ക് പോയിരിക്കുന്നു. രണ്ട് ദിവസം എന്റെ കാര്യം കഷ്ടം...ഓ... നീ കണ്ടിട്ടില്ലല്ലോ എന്റെ ശ്രീമതിയെ അല്ലെ..?"
"ചൂടായിട്ടെന്ത നിന്റെ കയ്യിലുള്ളത്..? " ശ്യാമിന്റെ ചോദ്യത്തിന് മറുചോദ്യമായിരുന്നു എന്റെ ഉത്തരം.
"ഹും.. ഞാനെടുക്കാം "
അവന്‍ മുറി തുറന്നുള്ളിലേക്ക് പോയി
ചെറുതാണെങ്കിലും സൌകര്യവും ഭംഗിയുള്ളതുമായ വീട്. മൂലയില്‍ ടി.വി.യോട് അല്പം വിട്ടു രണ്ട് സോഫാ സെറ്റുകള്‍. നടുവിലായി കടഞ്ഞെടുത്ത കാലുകളോടു കൂടിയ ടീപോയ്. മരത്തിന്റെ വേര്കൊണ്ട് ഉണ്ടാക്കിയ ടെലഫോണ്‍ സ്റ്റാന്റ്. ചുമരുകളില്‍ ഇടതു വശത്തായി ചെയുടെ ഗൌരവത്തെ നായനാരിന്റെ പുഞ്ചിരിയില്‍ അലിയിച്ചു തീര്‍ക്കുന്ന വിപ്ലവം. പിക്കാസോയും വാന്‍ഗോഗും കാന്വാസ് ഫ്രെയിമുകളില്‍ കുരുങ്ങി ശ്വാസം കിട്ടാതെ തൂങ്ങിക്കിടക്കുന്നു. വലതുവശത്തായി മരത്തില്‍ തീര്‍ത്ത ചെറിയ ചെറിയ അറകളോടു കൂടിയ അലമാരയില്‍ ഭംഗിയായി അലങ്കരിച്ചു വച്ച പുസ്തകങ്ങള്‍. അലമാരയുടെ ചില്ല് നീക്കി പുസ്തകങ്ങളിലൂടെ വിരലോടിക്കുംപോ
" അല്പമൊക്കെ ഞാനും വായിച്ചു തുടങ്ങി. ഒരു പത്രപ്രവര്‍ത്തകയെ കെട്ടിയതിന്റെ ഗതികേട് "
രണ്ട് ഗ്ളാസ്സും സോഡയും കുപ്പിയും കടലയുമടങ്ങിയ ട്രേ താഴെ വെച്ചുകൊണ്ട് അടുത്തു വന്നു. പുസ്തകങ്ങളില്‍ നിന്നും പിന്വലിയാത്ത എന്റെ അരികില്‍ നിന്ന് കൊണ്ട്‌ ചിലതിന്റെ സ്ഥാന ക്രമീകരണത്തിലാണവന്‍. പുസ്തകങ്ങളില്‍ നിന്നും സോഫയിലേക്ക് പോകുന്നതിനിടയില്‍
" ഡാ.. നീയിതോര്‍ക്കുന്നോ..? നീയെനിക്ക് കല്യാണസമ്മാനമായി അയച്ചുതന്നതാ. അന്ന് കിട്ടിയ സമ്മാനങ്ങളില്‍ വ്യത്യസ്തത തോന്നിയതും ഇതുതന്നെ "
ആദ്യ പെഗ് അകത്താക്കി കവര്‍ പേജിലെ രുദ്രാക്ഷം ധരിച്ച കൈയ്യുടെ ചിത്രം തഴുകി കൊണ്ട് ഞാന്‍ പറഞ്ഞു... " സിദ്ധാര്‍ഥ, ഒരിക്കലെങ്കിലും വായിച്ചവര്‍ക്ക് മറക്കാനാകാത്ത പുസ്തകം. നിനക്കറിയാലോ അതിനോടെനിക്കുള്ള ബന്ധം.."
എന്തോ വീണുകിട്ടിയ പോലെ " നീയിപ്പോഴും അവളെ വിളിക്കാറുണ്ടോ..? അന്നവളെ അവാസനമായി കണ്ടതിനു ശേഷം എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടോ..? "
" ഇല്ല.. പക്ഷെ അതൊരിക്കലും അവസാനിക്കുന്നില്ല.." രണ്ടാമത്തെ പെഗില്‍ വെള്ളമോഴിക്കുന്നതിനു മുന്‍പേ വലിച്ചു കയറ്റി കൊണ്ട്‌ പറഞ്ഞു..
" അവള് ചിലപ്പോ അന്ന് ഞാന്‍ നല്‍കിയ ഇതേ സമ്മാനം കീറി കളഞ്ഞിട്ടുണ്ടാകാം. ഇല്ലെങ്കില്‍ ഞാന്‍ സ്നേഹിച്ചതിലേറെ അവളെ കാമിച്ചവന്‍ അത് കത്തിച്ചു കളഞ്ഞിരിക്കാം. "
നമുക്കിടയില്‍ പെട്ടെന്ന് വളര്‍ന്നു വന്ന വലിയ മൌനത്തിന്റെ മതില്‍ തകര്‍ക്കാനായി അവന്‍ കടല എനിക്ക് നേരെ നീട്ടി...
ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ദിവസം പുസ്തകോത്സവത്തില്‍ സിദ്ധാര്‍ത്ഥ വാങ്ങിയത് ശ്യാമിന്റെ സാന്നിധ്യത്തിലായിരുന്നു.
ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്നതിന് തലേദിവസം യാത്ര പറയുന്നതിനിടയില്‍ അവള് ചോദിച്ചു..
" കാത്തിരിക്കാന്‍ എന്തെങ്കിലുമുണ്ടാകുന്നത് ഒരു ബാധ്യതാണെന്നു തോന്നുന്നു. നിമിഷങ്ങള്‍ക്ക് വര്‍ഷങ്ങള്ടെ ദൈര്‍ഘ്യം വെച്ചുപോകും. "
തുറന്നു പിടിച്ച അവളുടെ വലതു കൈവിരലുകളില്‍ നുള്ളി വേദനിപ്പിച്ചുകൊണ്ട് കേട്ടിരിക്കുക മാത്രമായിരുന്നു. അവളുടെ മടിയില്‍ തലവെച്ച് നീലാകാശത്തില്‍ ഒന്നിന് പിറകെ ഒന്നായി ഓടിക്കോണ്ടെയിരിക്കുന്ന മേഘങ്ങളേ നോക്കി കിടക്കുന്നതിനിടയില്‍ ആ കാഴ്ചയുടെ അറുതിയെന്നോണം മുഖം കുനിച്ചവളെന്റെ കവിളില്‍ ചുണ്ട് ചേര്‍ത്തിരുന്നു. അവ്യക്തമാകാത്ത എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട്‌ വിറളിപിടിച്ചൊരു മൃഗത്തെ പോലെ എന്നെ ശ്വാസം മുട്ടിച്ചു. പെട്ടെന്ന് മുഖമുയര്‍ത്തി
"എനിക്കിന്നൊന്നും കൊണ്ടു വന്നില്ലേ...? " എന്തോ എന്നില്‍ നിന്നും പ്രതീക്ഷിച്ച പോലെ ആയിരുന്നു ആ ചോദ്യം.
സമ്മാനപ്പൊതി കാത്തു നിന്ന് കിട്ടാത്തൊരു കുഞ്ഞിനെ പോലെ അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. ബാഗ് തുറന്നു തവിട്ടു നിറത്തിലുള്ള മങ്ങിയ പേപ്പറില്‍ പൊതിഞ്ഞൊരു പുസ്തകം അവള്‍ക്കായി നീട്ടി...
" ഇതിലോരുപക്ഷേ നിനക്കെന്നെ കണ്ടെത്താന്‍ കഴിഞ്ഞേക്കും "
ആകാംക്ഷയോടെ തുറന്നു നോക്കിക്കൊണ്ടു തെല്ലൊരതിശയത്തോടെ വായിച്ചു... "സിദ്ധാര്‍ത്ഥ , ഹെര്‍മന്‍ ഹെസ്സെ...
ഇതിലെനിക്കായി രണ്ട് വരി എഴുതിവെച്ചൂടായിരുന്നോ...? "
തുറന്നു തന്ന പേന കൊണ്ട് ആദ്യ പേജില്‍ ഒരിക്കലും മായരുതെയെന്ന പ്രാര്ത്ഥനയോടെ എഴുതി...
" എന്റെ സ്വന്തം കമലയ്ക്ക്... സിദ്ധാര്‍ത്ഥന് "
ഓര്‍മകളിലെ കമലയെ പറിച്ചെറിഞ്ഞുകൊണ്ട്‌ ശ്യാം ചോദിച്ചു "കല്യാണത്തിനു ശേഷം അവളുടെ വിവരങ്ങള്‍ വല്ലതും...?"
"ഇല്ല..ഞാനതിനു ശ്രമിച്ചിട്ടില്ല. എവിടെ യാണെന്നോ, ആരുടെ കൂടെയാണെന്നോ ഒന്നും ഞാന്‍ അന്വേഷിച്ചില്ല " തീരെ താല്പര്യമില്ലാത്ത ഒരു വിഷയം പോലെ അല്പം ദേഷ്യത്തോടെയായിരുന്നു എന്റെ മറുപടി. അത് മനസിലാക്കിയത് കൊണ്ടായിരിക്കണം എന്റെ മുഖത്തു നോക്കാതെയായിരുന്നു അവനത്‌ പറഞ്ഞത്.
" ഒരുപക്ഷെ അവളതു സൂക്ഷിക്കുന്നുണ്ടാകം. വെളിച്ചം കാണാതെ വെച്ചിരിക്കുന്ന മയില്‍‌പീലി പോലെ, മനസിന്റെ ഏതെങ്കിലും കോണില്‍..."
കള്ള് സത്കാരത്തിന്റെ ഒടുവില്‍ വീട് വിട്ടിറങ്ങുമ്പോ ശ്യാം ചോദിച്ചു..
"എപ്പോഴാ തിരിച്ചു...? "
" ഉടനെ.. കൂടിയാല്‍ ഒരു പത്ത് ദിവസം "
" സജീ... ആഗ്രഹിക്കുന്നതെല്ലാം നേടണമെന്നത് ഒരു വാശിയായിരുന്നു എനിക്ക്. ആഗ്രഹിച്ചത്‌ കയ്യില്‍ കിട്ടിയാല്‍ പിന്നീട് അതിനോടുള്ള ആസക്തിയും അവസാനിക്കും. ഒരിക്കലും കിട്ടാതിരുന്നാല്‍ അതിനോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ.. പിന്നെ മാര്‍കേസിനെ വായിച്ചിട്ടില്ലേ നീ... 'ഒരുരാത്രി കിടക്കയില്‍ അവസാനിക്കുന്നതും അടുത്ത പകല്‍ ഒരു കപ്പ്‌ ചായയില്‍ പുനരാരംഭിക്കുന്നതും ' എനിക്കും ഇപ്പൊ ഇതിനോടിത്രയോക്കെ തോന്നുന്നുള്ളൂ..."
ഒരു പൊട്ടിച്ചിരിയോടെ വിടപറഞ്ഞ്‌ ഞാന്‍ വീട്ടിലേക്ക്‌ നടന്നു കയറുമ്പോഴാണ് ശ്രദ്ധിച്ചത്. ശ്യാമിന്റെ സിദ്ധാര്‍ത്ഥ എന്റെ കയ്യിലാണ്. ഇനിയൊരിക്കല്‍ കാണ്ടാല്‍ തിരിച്ചു കൊടുക്കാമെന്നു കരുതി വീണ്ടുമൊരു വായനയ്ക്കായി തുറന്നു നോക്കി..
അതിന്റെ ആദ്യ പേജില്‍ ഇങ്ങിനെ കുറിച്ചിരിക്കുന്നു.
" എന്റെ സ്വന്തം കമലയ്ക്ക്... സിദ്ധാര്‍ത്ഥന് "
എവിടുന്നെന്നറിയാത്തൊരു ഒരു മിന്നല്‍പിണര്‍ എന്റെയുള്ളിലൂടെ കടന്നു പോയി.

Wednesday, December 2, 2009

പ്രവാസി, വായന, സവൊ പ്നം



ജോലി കഴിഞ്ഞു വന്ന സുഹൃത്ഹുക്കളോടൊപ്പം കുറച്ചു നേരം ന്യൂസ്‌, അല്പം ചര്‍ച്ചകള്‍. പ്രവാസത്തിന്റെ ഒരു ദിവസം അവസാനിക്കുന്നത്‌ മിക്കവാറും ഇങ്ങിനെയാണ്‌. എല്ലാവരെയും ഉറക്കി കിടത്തിയ ശേഷമുള്ള വായന. പുസ്തകങ്ങളിലൂടെയാണ് പലപ്പോഴും നാട്ടിലെകൊരെത്തി നോട്ടം നടത്തുന്നത്. റിയാലിറ്റി ഷോയിലെ അവസാന മത്സരാര്‍ത്ഥിയ്ക്കും എസ്.എം.എസ്. അയച്ചു കഴിഞ്ഞ സുഹൃത്ത്‌, വീട്ടില്‍ വിളിക്കാന്‍ മറന്നു പോയെന്ന പരിഭവം പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് നീങ്ങി. ദേവി മാഹാത്മ്യത്തിന്റെ പുന:സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നു.

നല്ല തണുപ്പിലും ജനല്‍ തുറന്നിട്ടാണിരിക്കുന്നത്. ടി.വി. ഓഫ്‌ ചെയ്ത് ഒരു മാസികയിലേക്ക്‌ നോക്കിയിരുന്നു. ആദ്യ നാല് വരികള്‍ക്കിടയില്‍ തന്നെ അമ്മയെയും അച്ഛനെയും പെങ്ങളെയും കണ്ടു. കുശലമന്വേഷിച്ചപ്പോ നാളെ അമ്മൂമ്മയുടെ ആണ്ടാനെന്നും അതിനുള്ള പച്ചക്കറികള്‍ വാങ്ങാന്‍ അനുജന്‍ ചന്തയിലേക്ക് പോയെന്നും അറിഞ്ഞപോള്‍ ചന്തയില്‍ പോകാനൊരാഗ്രഹം. പച്ചക്കറിയുമായി തിരിച്ചു നടക്കുമ്പോഴാണ് കവലയില്‍ വാഹനാപകടം ഉണ്ടായെന്നും അതില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍ അച്ഛനാണെന്നും അറിഞ്ഞത്.

വായന നിന്നു. ആകെ ഒരസ്വസ്ഥത. നിനക്കുറങ്ങാന്‍ നേരമായെട.. പോയി കിടക്കെടാനന്‍ മൊബൈല്‍. അതിന്റെ കഴുത്തിന്‌ കുത്തിപിടിച്ചപ്പോള്‍ ചുമച്ചുകൊണ്ടത് മിണ്ടാതിരുന്നു. സമയം 12 .30 am . അതായത് നാട്ടില്‍ 3 മണി. അവര്‍ക്കൊരു ബുദ്ധിമുട്ടാകുമെന്നു ഉറപ്പാണെങ്കിലും വെറുതെ ഒരു തോന്നല്‍. അച്ഛനോട് സംസാരികണം. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ഉറക്കത്തിന്റെ തീരെ ആലസ്യമില്ലാതെ അച്ഛന്റെ ശബ്ദം.

" അച്ഛാ, ഞാനാ... നിങ്ങളുറങ്ങിയില്ലേ..? "

"ഉം. ഇല്ല... നീയെന്താ ഈ അസമയത്ത്..? ഞാനിപ്പോ ബ്രാഞ്ച് മീറ്റിംഗ് കഴിഞ്ഞു വന്നതേയുള്ളൂ. നാളത്തേക്ക് തീര്കാനുള്ള കുറച്ചു ജോലികള്‍ ഇങ്ങോട്ട് കൊണ്ട് വന്നിരുന്നു. അത് തീര്‍ക്കുന്നു. നിന്റെ അമ്മ ഉറങ്ങി... നിന്റെ ചേച്ചിയെ വിളിച്ചിരുന്നോ? അവരിങ്ങോട്ട് വിളിച്ചിരുന്നു. നിന്റെ അനുജന് നാളെയൊരു ഇന്റര്‍വ്യൂ ഉണ്ടത്രേ.. അത് ശരിയാകുമെന്നാ കേട്ടത് ."

എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് " നീയെന്താ ഒന്നും മിണ്ടാത്തത്. നിന്റെ അമ്മയ്ക് കൊടുക്കാം, ഞാനവളെ ഉണര്തട്ടെ. ഇനി എന്നെ കാത്തു നില്‍ക്കേണ്ട, ഫോണ്‍ വെച്ചോളൂ. എനിക്ക് കുറച്ചൂടെ പണിയുണ്ട്."

അല്‍പസമയത്തിന് ശേഷം അമ്മ " നീയെന്തിനാ ഈ ഒന്നും വല്ലാത്ത നേരത്ത് വിളിച്ചത്?"
എന്റെ വായന തലതെരിച്ചതാണെന്ന് സ്വൊയം വിലയിരുതതാറുള്ള അമ്മയോട് സത്യം മറച്ചു വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..
" ഞാനൊരു സവൊപ്നം കണ്ടു, അച്ഛനൊരു അപകടത്തില്‍.."

കുവൈറ്റ്‌ മുതല്‍ ചെറുവത്തൂര്‍ വരെ നീണ്ടുനിന്ന ഒരു വലിയ മൌനം.. എങ്കിലും അതിനെ മറികടന്നു കൊണ്ട് അമ്മ പറഞ്ഞു.
" സ്വൊപ്നത്തില്‍ മരിക്കുന്നവര്ക് ഒരായുസ് കൂടും, ആ സവൊപ്നം കണ്ടയാള്‍ക്ക് ഒരായുസ് കുരയേം ചെയ്യുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ നീ...? അതുകൊണ്ട് നീ സൂക്ഷിച്ചോ..."
ഉണ്ടായികൂടാത്ത ഒരു ചിരി ഉണ്ടാക്കി, കിടന്നുറങ്ങാന്‍ പറഞ്ഞു കൊണ്ട് അമ്മ ഫോണ്‍ വെച്ചു.

കസേര മേശയോട്‌ ചേര്‍ത്ത് വെച്ച് കഥയുടെ അടുത്ത താളിലേക്ക് കടന്നു. അതില്‍ അക്ഷരങ്ങളൊന്നും ബാക്കിയില്ലാതെ മാഞ്ഞു പോയിരിക്കുന്നു.. സവൊപ്നതില്‍ കണ്ട മരണങ്ങളുടെ കണക്കു തീര്കുകായിരുന്നു ഞാന്‍. ഓരോ പേര് കുരിച്ചിടുമ്പോഴും ഞാനായുസ് കൂട്ടി നല്കിയവരൊക്കെയും നന്ദി പറയുകയായിരുന്നു.

Tuesday, November 3, 2009

പ്രണയകാലത്തെ സമവാക്യങ്ങള്‍

അച്ഛന്‍ , അടിസ്ഥാന തൊഴിലാളിവര്ഗ ശത്രു.

അമ്മ, നിലപാട് വെളിപ്പെടുത്താത്തവള്.

ചേച്ചി, തീരമറിയാതെ തുഴയുന്ന രണ്ടു തോണിയിലെ യാത്രികര്‍.

അനുജന്‍, തല്ലുകൊള്ളി.

അമ്മാവന്‍, ജാതിപരവും സാമുദായികവും.

സമുദായം, ഭ്രഷ്ട്.

അമ്പലം, അപ്രിയനായ ദേവന്‍.

അളിയന്‍, എന്താ?? ഞാനോന്നുമറിഞ്ഞില്ലല്ലോ??

രാഷ്ട്രീയം, സ്നേഹത്തിനായ് ചോര ചീന്താന്വയ്യെന്ന്.

പ്രണയിനി, കണ്ണീരിനു പുല്ലു വില കല്പിച്ചവള്.

കാമുകന്‍, വാഗ്ദാന ദാദാവ്‌.

ഞാന്‍, എന്നെ ഹൃദയം പൊട്ടി മരിച്ചവന്‍.

ഭര്ത്താവ്‌, തിരശീലക്കപ്പുറം നിന്കണ്ണീരു കാണാതെ ഉമിനീര് കുടിക്കുന്നവന്‍.

മകന്‍, എന്റെ മരണത്തിനു പകരം ചോദിക്കേണ്ടവന്‍.

Monday, November 2, 2009

അമ്മേ, പ്രണയിനി ...


അമ്മേ , നീയറിഞ്ഞോ...?
നിനക്ക് കുഞ്ഞു പിറന്നനാളായിരുന്നു,
എന്റെ ചരമദിനം.
പുനര്‍ജ്ജന്മം ജാരനായല്ലെങ്കിലും
മകനെന്ന് വിളിക്കാതെ എന്നെയച്ഛന്‍ നീയെന്നു വിളിക്കുന്നു.
നിന്നില്‍ ഞാനുടലെടുക്കുകയായിരുന്നു,
കാമമായ്‌, രേതസായ്‌, ബീജമായ്‌, ഭ്രൂണമായ്‌
ഇടവേളകള്‍ക്കിപ്പുറം ഞാന്‍ വീണ്ടും നിന്നില്‍
ഇനിനിനക്കെന്നെ നിബന്ധനകളില്ലാതെ പ്രണയിക്കാം
കാരണം, അന്നും ഇന്നും ഞാന്‍ നിനക്കൊരു കുഞ്ഞായിരുന്നല്ലോ...?

Saturday, October 4, 2008

ബക്റെ കാ ഔലാദ്

ജനിച്ചതുമുതല്‍ കാണാന്‍ തുടങ്ങിയതാണീ ആട്ടിന്‍ കൂട്ടത്തെ. അദ്യമായൊരു പെണ്ണാടിനെ വാങ്ങിയതാണ്. അതിന്‍ ഇണ ചേര്ക്കാന്‍ അച്ഛന്‍ ഒരു കിലമീറ്ററോളം അകലെ കൊണ്ടു പോയപ്പോള്‍ കൂടെ ഞാനും പോയത് ഇന്നലെ കഴിഞ്ഞപോലെ. ആദ്യപ്രസവത്തില്‍ രണ്ടു കുട്ടികള്. ഒരാണും ഒരു പെണ്ണും. ആദ്യ ഒരുമാസം കഴിഞ്ഞപ്പോഴേ പെണ്കുട്ടിയേ അച്ഛന്‍ വിറ്റു. നല്ല കാശ് കിട്ടിയെന്നു പിന്നീടമ്മ പറഞ്ഞു. ആണ്‍ വളര്ന്നപ്പോഴേക്കും ഇണ ചേര്ക്കാന്‍ പലരും ആടുകളെ കൊണ്ടുവരും. ഒരു നല്ല വരുമാനമായിരുന്നിരിക്കണം.
ഒരുദിവസം ആരും കാണാതെ അമ്മയാടിന്‍ അവന്‍ ഇണചേരുമ്പോള്‍ അച്ഛന്‍ ചിരിച്ചുകൊണ്ട് തമാശയായി പറഞ്ഞു.
"ബക്റെ കാ ഔലാദ്...."
ഇന്നലേ ഞാനൊന്നു ഛര്ദ്ദിച്ചപ്പോള്‍ അമ്മ അച്ഛ്നേയും വിളിച്ചത് അങ്ങിനെ തന്നെയായിരുന്നു.
"ബക്റെ കാ ഔലാദ്..."

Wednesday, September 24, 2008

ഞാന്‍ നട്ടതും കൊയ്തതും

എന്നെ ചതിച്ചവരേ കുറിച്ച് ഞാന്‍ ആദ്യം വിവരിക്കാം. അതുകഴിഞ്ഞ് നീയെന്റെ വിധിനടപ്പിലാക്കി കൊള്ളുക.
....അമ്മയാണത്രേ....
കായവും കയ്പയും തേച്ച മുലകള്‍ എന്റെ ചുണ്ടില്‍ തിരുകിയവളാണു നീ. അന്ന് മനസില്‍ കുറിച്ചിട്ട പകയാണ്‍ വ്ര്ദ്ധമന്ദിരത്തിലേ നിന്റെ ഒഴിയാത്ത കട്ടില്. മാസം ആയിരത്തിയഞ്ഞൂര്‍ രൂപയില്‍ കൂടുതലേറെ ബന്ധമെന്തായിരുന്നു നമ്മള്‍ തമ്മില്...?
...ഹ..അച്ഛന്‍ !! ....
എന്റെ രാത്രി സഞ്ചാരമെതിര്ക്കാന്‍ നിങ്ങള്കെന്തധികാരം...? ഞാന്‍ ജനിച്ചതും വളര്ന്നതും ഈ ആധുനികയുഗത്തില്. പിന്നെയുമെതിര്ത്തപ്പോളൊന്നു കൈവീശിയതാ, കൈയ്യബദ്ധമായിരുന്നു, എങ്കിലും നന്നായി. അവസാനിച്ചല്ലോ..സമാധാനം
....ഗുരുനാഥ...
കണക്ക് പുസ്തകത്തിലുരുന്ന് ഞാന്‍ നിന്നിലെ സാമൂഹ്യപാഠം പഠിക്കയായിരുന്നു. രാത്രികാലങ്ങളിലെ എന്റെ ഗ്ര്ഹപാഠങ്ങളില്‍ കൂട്ടിയും കിഴിച്ചും, ഹരിച്ചും ഗുണിച്ചും നിന്നിലെ ശാസ്ത്രം പഠിക്കുകയായിരുന്നു. ക്ളാസ് മുറീയുടെ പിന്നാമ്പുറങ്ങളിലെ വരാന്തയില്‍ പിന്നെയും കൈയ്യബദ്ധമാവര്തിച്ചപ്പോള്‍ നിങ്ങളെനിക്ക് സ്വൊഭാവ സര്ടിഫികേറ്റ് നല്കി.
...പ്രണയിനി....
നിനക്ക് വശീകരിക്കാനറിയില്ല. ഉണക്കിപൊടിച്ച കറുത്ത മന്ത്രങ്ങള്‍ നിനക്ക് കൂട്ടിനുണ്ടായിരുന്നെങ്കിലും നിന്റെ കിടപ്പറയിലെ ചടുലതാളങ്ങള്‍ മാത്രമായിരുന്നു എന്റെ ലക്ഷയം.
....ഭാര്യ....
താല്പര്യമേയില്ലായിരുന്നു. എന്നോടുള്ള പക തീര്ക്കാന്‍ നിനക്കൊരു കുഞ്ഞുവേണമായിരുന്നു. നീ വെറുമൊരു വാടക ഗര്ഭപാതരമായിരുന്നു. എനിക്കായ് പിറന്ന കാലന്റെ അവധികാല ഉല്ലാസകേന്ദരം മാത്രമായിരുന്നു അത്.
....മകന്....
നീയെന്റെ വിത്താണെന്നുള്ളതിനുള്ള എറ്റവും നല്ല ഉദാഹരണം ഇന്നുവരേ തെളിയിക്കപ്പെടാത്ത എന്റെ കൊലപാതകം
....ഇനി നിന്നോട്....
ഞാന്‍ ചെയ്ത തെറ്റെന്താണ്. എനിക്ക് നരകം വിധിക്കാം, തിളയ്ക്കുന്ന എണ്ണയിലിട്ടു നിനക്കെന്നെ വേദനിപ്പിക്കാം.. പക്ഷെ നീ ഇങ്ങിനെ എത്ര പേരെ വിധിക്കും..?
ഇനിയും തീരുമാനമാകാതെ യമദേവന്‍ ഉള്ളിലേക്ക് നടക്കുന്നു, ഞാനിപ്പൊഴും മതിലിന്‍ പുറത്ത്. മതിലിനപ്പുറത്ത് കരച്ചിലുകള്‍ നിലക്കുന്നു. ഇപ്പൊ പൊട്ടിച്ചിരികള്‍ മാത്രം ...

Tuesday, August 26, 2008

ഭരാന്ത്

നീ ചിരിക്കണം. സന്തോഷത്തിലും സങ്കടത്തിലും. പ്രയാസങ്ങള്‍ മഴപോലെ പെയ്തിറങ്ങുമ്പോളും ചിരിക്കുക. ആരെങ്കിലും നിന്നെ ചതിക്കുമ്പോളും ചിരിക്കുക. കാരണം നിന്റെ പുഞ്ചിരി കാണാനായി ഞാന്‍ കാത്തിരിക്കുന്നു. നടന്നകലുമ്പൊളും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ചിരിച്ചുകൊണ്ടേയിരിക്കുക. ഇന്നവള്ക്കൊരു കത്തെഴുതുകയാണ്. ഞാനിപ്പൊഴും ചിരിച്ചുകൊണ്ടേയിരിക്കുന്നു. ഇടയിലൊന്നു കരഞ്ഞുകൊണ്ട് വീണ്ടും ചിരിക്കുന്നു. പക്ഷെ ഇപ്പോ ആരൊക്കെയൊ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പല്ലിളിച്ച് കാട്ടുന്നു. കുട്ടികളൊക്കെ കല്ലെടുത്തെറിയുന്നു. എങ്കിലും ഞാനിപ്പൊഴും ചിരിക്കുന്നുണ്ട്. പൊട്ടി പൊട്ടി ചിരിക്കുന്നു. ഹ ഹ ഹ...